International
ടെൽ അവീവ്: ഇസ്രയേലിന്റെ എണ്ണ ശുദ്ധീകരണശാലകളിൽ ഇറാനിയൻ മിസൈൽ ആക്രമണം. ഇസ്രയേലിന്റെ വടക്കൻ തുറമുഖ നഗരമായ ഹൈഫയിലെ എണ്ണ ശുദ്ധീകരണശാലകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്.
ഇസ്രയേലിലെ ഹൈഫയിലും രാജ്യത്തിന്റെ തെക്ക് ഭാഗത്തുള്ള അഷ്ദോദിലുമുള്ള റിഫൈനറികൾ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഇറാനും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ആക്രമണത്തിൽ കാര്യമായ നാശനഷ്ടങ്ങളുണ്ടായില്ലെന്ന് ഇസ്രയേൽ ഊർജ മന്ത്രാലയം വ്യക്തമാക്കി.
ഇറാന്റെ മിസൈൽ ആക്രമണത്തെ തുടർന്ന് വൈദ്യുതി തടസം നേരിട്ടതായും ഭൂരിഭാഗം പേർക്കും വൈദ്യുതി പുനഃസ്ഥാപിച്ചതായും ഊർജ മന്ത്രി എലി കോഹൻ പറഞ്ഞു. എന്നാൽ അഷ്ദോദിലെ റിഫൈനറിയിൽ നാശനഷ്ടങ്ങളുണ്ടായോ എന്നതിൽ വ്യക്തതയില്ല.
International
ടെഹ്റാൻ: ഇറാനിലെ പ്രധാന നഗരങ്ങൾ ആക്രമിച്ച് യുഎസും ഇസ്രയേലും. രാത്രി നടത്തിയ ആക്രമണങ്ങളിൽ ഇറാനിലെ ഇസ്ഫഹാൻ പ്രവിശ്യയിൽ വിവിധയിടങ്ങളിലുണ്ടായ മിസൈൽ ആക്രമണത്തിൽ15 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.
പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ അയൽ രാജ്യങ്ങളോട് അമേരിക്കൻ സൈനിക താവളങ്ങൾ അടച്ചുപൂട്ടാൻ ഇറാൻ വീണ്ടും ആവശ്യപ്പെട്ടു. മേഖലയിൽ അമേരിക്കൻ സാന്നിധ്യമുണ്ടാകരുതെന്നും സമാധാനം ഉറപ്പാക്കാൻ അതാണ് മാർഗമെന്നും ഇറാൻ അറിയിച്ചു.
അതേസമയം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ആക്രമണമുണ്ടായി. റഡാർ സംവിധാനത്തിന് നേരെയാണ് ഡ്രോൺ ആക്രമണം നടന്നത്. എന്നാൽ ആക്രമണത്തിൽ ആർക്കും പരിക്കില്ലെന്നാണ് പുറത്തുവരുന്ന വിവരം.
International
അങ്കാറ: തുർക്കിയിൽ വീണ്ടും വ്യോമാക്രമണം നടത്തി ഇറാൻ. ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ കിഴക്കൻ മെഡിറ്ററേനിയനിൽ വിന്യസിച്ചിട്ടുള്ള നാറ്റോ വ്യോമപ്രതിരോധ സംവിധാനം തകർന്നു. ഇത് രണ്ടാം തവണയാണ് തുർക്കിയിൽ ഇറാൻ ആക്രമണം നടത്തുന്നത്.
ഇറാൻ തൊടുത്തുവിട്ട മിസൈലുകൾ വെടിവച്ചിട്ടതായി തുർക്കി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ആക്രമണത്തിന് പിന്നാലെ ഇറാന് മുന്നറിയിപ്പുമായി തുർക്കി രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്തിന് നേരെയുള്ള ഏത് തരം ഭീഷണിക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കുമെന്ന് തുർക്കി വ്യക്തമാക്കി.
സംഘർഷം വർധിപ്പിക്കുന്ന രീതിയിലുള്ള നീക്കങ്ങളിൽ നിന്ന് ഇറാൻ ഉൾപ്പെടെയുള്ളവർ പിന്തിരിയണമെന്നും തുർക്കി ആവശ്യപ്പെട്ടു. തകർന്ന മിസൈലിന്റെ അവശിഷ്ടങ്ങൾ ഗാസിയൻതെപ്പിൽ പതിച്ചെങ്കിലും ആളപയാങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
International
കീവ്: യുക്രെയ്നിലെ ഖാർകീവിൽ റഷ്യൻ മിസൈലാക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. മൂന്ന് കുട്ടികളുൾപ്പെടെ 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അഞ്ചു നില പാർപ്പിടസമുച്ചയത്തിലാണ് മിസൈൽ പതിച്ചത്.
കീവിലെയും മധ്യയുക്രെയ്നിലെയും ഊർജനിലയങ്ങൾ ലക്ഷ്യമാക്കി 29 മിസൈലുകളും 480 ഡ്രോണുകളുമാണ് റഷ്യ പ്രയോഗിച്ചതെന്ന് യുക്രെയ്ൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്കി പറഞ്ഞു. ഏഴ് സ്ഥലങ്ങളിൽ നാശനഷ്ടങ്ങളുണ്ടായി.
ആക്രമണത്തെ അപലപിച്ച സെലൻസ്കി സംഭവത്തിൽ അന്താരാഷ്ട്ര പ്രതികരണം ആവശ്യപ്പെടുകയും ചെയ്തു. വ്യോമപ്രതിരോധ സംവിധാനങ്ങൾ 19 മിസൈലുകളും 453 ഡ്രോണുകളും തകർത്തതായി യുക്രെയ്ൻ സൈന്യം അറിയിച്ചു.
പശ്ചിമേഷ്യൻ സംഘർഷം മൂലം ഈ ആഴ്ച നടക്കാനിരുന്ന യുഎസ് മധ്യസ്ഥതയിലുള്ള റഷ്യ-യുക്രെയ്ൻ ചർച്ച മാറ്റിവച്ചിരിക്കുകയാണ്.
International
റിയാദ്: പശ്ചിമേഷ്യയിൽ യുദ്ധം പടരുന്നതിനിടെ സൗദി അറേബ്യക്ക് നേരെ മിസൈൽ ആക്രമണം. സൗദിയിലെ പ്രിൻസ് സുൽത്താൻ എയർബേസ് ലക്ഷ്യമാക്കി വന്ന മൂന്ന് ബാലിസ്റ്റിക് മിസൈലുകൾ സൗദി പ്രതിരോധ സേന ആകാശത്തുവെച്ച് തന്നെ തകർത്തു. ഇറാനും അമേരിക്ക-ഇസ്രയേൽ സഖ്യവും തമ്മിലുള്ള സംഘർഷം പുതിയ തലത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനയായാണ് ഈ ആക്രമണത്തെ കാണുന്നത്.
ശത്രുരാജ്യം വിക്ഷേപിച്ച മിസൈലുകളെ വിജയകരമായി പ്രതിരോധിച്ചതായും എയർബേസിന് നാശനഷ്ടങ്ങൾ സംഭവിച്ചിട്ടില്ലെന്നും സൗദി അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇറാനും ഇസ്രയേലും തമ്മിൽ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ തുടരുകയാണ്. ഇതിന്റെ ഭാഗമായി ഗൾഫ് രാജ്യങ്ങളിലെ സൈനിക-സാമ്പത്തിക കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചുള്ള നീക്കങ്ങൾ ഇറാൻ ശക്തമാക്കുന്നതായാണ് റിപ്പോർട്ടുകൾ.
ഇറാന്റെ ഉള്ളിലുള്ള ഏകദേശം 200 കേന്ദ്രങ്ങളിൽ തങ്ങൾ ആക്രമണം നടത്തിയതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഇതിൽ ഇറാന്റെ മിസൈൽ ലോഞ്ചറുകളും നാവിക കപ്പലുകളും ഉൾപ്പെടുന്നു. ടെൽ അവീവ് ഉൾപ്പെടെയുള്ള ഇസ്രയേൽ നഗരങ്ങൾക്ക് നേരെയും ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ നടത്തിയതായി ഇറാന്റെ വല്യൂഷണറി ഗാർഡ് അവകാശപ്പെട്ടു.
International
മസ്കറ്റ്: ഹോർമുസ് കടലിടുക്കിന് സമീപത്തായി ചരക്ക് കപ്പലിന് നേരെ ആക്രമണമുണ്ടായതായി റിപ്പോർട്ടുകൾ. ഒമാൻ റോയൽ നേവി ആണ് ചരക്ക് കപ്പലിന് നേരെയുണ്ടായ മിസൈൽ ആക്രമണത്തെ കുറിച്ച് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
മാൾട്ടയുടെ പതാക വഹിക്കുന്ന ചരക്ക് കപ്പലിൽ രണ്ട് മിസൈലുകൾ പതിച്ചതായാണ് റിപ്പോർട്ട്. ആക്രമിക്കപ്പെട്ട കപ്പലിൽ നിന്ന് 24 ജീവനക്കാരെ രക്ഷപ്പെടുത്തിയെന്നും പരിക്കേറ്റവർക്ക് ആവശ്യമായ വൈദ്യസഹായം നൽകിയതായും ഒമാൻ വാർത്താ ഏജൻസി വ്യക്തമാക്കി.
International
ടെൽ അവീവ്: യുഎസ്-ഇസ്രയേൽ സംയുക്ത സൈനിക ആക്രമണത്തിൽ ഇറാനെ പിന്തുണച്ച് ഹിസ്ബുള്ള. ഇറാനെതിരായ ആക്രമണങ്ങൾ തുടരുന്നതിനിടെ ഇസ്രയേലിന് നേരെ ഹിസ്ബുള്ള മിസൈൽ ആക്രമണം നടത്തിയതായാണ് റിപ്പോർട്ടുകൾ.
ലബനനിൽ നിന്ന് മിസൈൽ ആക്രമണമുണ്ടായെന്ന് ഇസ്രയേൽ സേന സ്ഥിരീകരിച്ചിട്ടുണ്ട്. ഞായറാഴ്ചയാണ് ഹിസ്ബുള്ള ലെബനനിൽ നിന്ന് ഇസ്രയേലിലേക്ക് നിരവധി മിസൈലുകൾ തൊടുത്തുവെന്നാണ് ഐഡിഎഫിന്റെ ആരോപണം.
ഹിസ്ബുള്ള ഒപ്പം ചേർന്നതായി ഇറാൻ മാധ്യമങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. മിസൈൽ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹിസ്ബുള്ള ഏറ്റെടുത്തു. ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ് കൊല്ലപ്പെട്ടതിലുള്ള പ്രതികാരമാണിതെന്നാണ് വിശദീകരണം.
മിസൈൽ ആക്രമണത്തിന് തിരിച്ചടി നൽകുമെന്ന് ഇസ്രയേലും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ലെബനനിൽ നിന്ന് ഇസ്രയേലിലേക്ക് നടത്തിയ മിസൈൽ ആക്രമണങ്ങൾ വ്യോമസേന തടഞ്ഞതായി ഐഡിഎഫ് പ്രസ്താവനയിൽ പറഞ്ഞു.
ലെബനനിലെ ഹിസ്ബുള്ളയുടെ കേന്ദ്രങ്ങളിൽ ആക്രമണം ആരംഭിച്ചതായും ഐഡിഎഫ് വക്താവ് വ്യക്തമാക്കിയിട്ടുണ്ട്. ഇറാനെതിരെയുള്ള സൈനിക നീക്കങ്ങളിൽ ഹിസ്ബുള്ള ഇടപെട്ടാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇസ്രയേൽ നേരത്തെ അറിയിച്ചിരുന്നു.
International
മനാമ: ബഹ്റൈനിലെ അമേരിക്കൻ നാവികസേനയുടെ ആസ്ഥാനമായ ഫിഫ്ത്ത് ഫ്ലീറ്റ് ലക്ഷ്യമിട്ട് ഇറാൻ മിസൈൽ ആക്രമണം നടത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബഹ്റൈൻ തലസ്ഥാനമായ മനാമയിലും അമേരിക്കൻ സൈനിക താവളത്തിന് സമീപവും ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ടുണ്ട്.
മിസൈൽ ആക്രമണത്തെത്തുടർന്ന് ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം ജനങ്ങൾക്ക് അടിയന്തര ജാഗ്രതാ നിർദ്ദേശം നൽകി. എത്രയും വേഗം വീടുകൾക്കുള്ളിലോ അടുത്തുള്ള സുരക്ഷിത സ്ഥാനങ്ങളിലോ അഭയം പ്രാപിക്കാൻ മന്ത്രാലയം ആവശ്യപ്പെട്ടു.
യുഎസ് പ്രതിരോധ കേന്ദ്രങ്ങളുള്ള ബഹ്റൈൻ, അബുദാബി, ഖത്തർ എന്നിവിടങ്ങളിലെല്ലാം ഒരേസമയം ആക്രമണം നടന്നതായാണ് സൂചന. ഇസ്രായേലും അമേരിക്കയും ചേർന്ന് ടെഹ്റാനിൽ നടത്തിയ ആക്രമണത്തിനുള്ള ഇറാന്റെ നേരിട്ടുള്ള മറുപടിയാണിത്. ഖത്തറിന് മുകളിലെത്തിയ രണ്ട് ഇറാനിയൻ മിസൈലുകൾ തങ്ങൾ ആകാശത്തുവെച്ച് തന്നെ തകർത്തതായി ഖത്തർ അധികൃതർ അവകാശപ്പെട്ടു.
International
മോസ്കോ: യുക്രെയ്ൻ സേനയുടെ മിസൈൽ ആക്രമണത്തിൽ റഷ്യയിൽ ആറു ലക്ഷം പേർക്കു വൈദ്യുതി ഇല്ലാതായി. യുക്രെയ്ൻ അതിർത്തിയോടു ചേർന്ന റഷ്യൻ പ്രദേശമായ ബെൽഗരോദിലാണ് ആക്രമണമുണ്ടായത്.
ജലവിതരണസംവിധാനങ്ങളും തകർന്നു. തെരുവുവിളക്കുകൾ തെളിയാതിരുന്നതിനെത്തുടർന്ന് ബെർഗരോദ് നഗരവാസികൾ ടോർച്ചുമായി നടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.
സാധാരണ റഷ്യൻ സേനയാണ് യുക്രെയ്ന്റെ വൈദ്യുതിവിതരണ സംവിധാനങ്ങൾ ആക്രമിച്ചു നശിപ്പിക്കാറുള്ളത്.
തെക്കൻ റഷ്യയിലെ വോൾഗോഗ്രാഡ് പ്രദേശത്തുണ്ടായ മറ്റൊരു യുക്രെയ്ൻ ആക്രമണത്തിൽ എണ്ണ സംഭരണശാലയ്ക്കു തീപിടിച്ചു. ഡ്രോൺ ആക്രമണമാണുണ്ടായത്.
International
കീവ്: യുക്രെയ്നിൽ ഇന്ന് പുലർച്ചെ റഷ്യ നടത്തിയ മിസൈലാക്രമണത്തിൽ രണ്ട് പേർ മരിച്ചു. രാജ്യ തലസ്ഥാനമായ കീവിലാണ് റഷ്യ ആക്രമണം നടത്തിയത്.
ആക്രമണത്തിൽ 20 പേർക്ക് പരിക്കേറ്റു. റഷ്യ ബാലിസ്റ്റിക്ക് മിസൈലാക്രമണമാണ് നടത്തിയതെന്ന് മേയർ വിടാലി ക്ലിറ്റ്സ്കോ പറഞ്ഞു. തലസ്ഥാനത്ത് അസാധാരണമായ സാഹചര്യമാണ് ഉണ്ടായതെന്നും മേയർ കൂട്ടിച്ചേർത്തു.
കീവിലെ ജനവാസമില്ലാത്ത കെട്ടിടത്തിലാണ് മിസൈൽ പതിച്ചതെന്ന് പോലീസ് പറഞ്ഞു. എന്നാൽ ഈ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ സമീപത്തെ കെട്ടിടത്തിലേയ്ക്ക് പതിച്ചു. തുടർന്നാണ് രണ്ട് പേർക്ക് ജീവൻ നഷ്ടപ്പെട്ടതെന്നും നിരവധി പേർക്ക് പരിക്കേറ്റതെന്നും കീവ് പോലീസ് പറഞ്ഞു.